News Diary

Breaking News

പുലിയെ പിടിക്കാൻ കെട്ടിയ ആടിനെ പുലി പിടിച്ചെന്ന് നാട്ടുകാർ; ചെമ്പനോട ആശങ്കയിൽ

പുലിയെ പിടിക്കാൻ കെട്ടിയ ആടിനെ പുലി പിടിച്ചെന്ന് നാട്ടുകാർ; ചെമ്പനോട ആശങ്കയിൽ

ചെമ്പനോട: ജൂൺ മാസം തുടങ്ങിയതുമുതൽ ചെമ്പനോട പുലിപ്പേടിയിൽ ആണ്. ചെമ്പനോടക്കാരനായ  തേരകത്തിങ്കൽ ചാക്കോയുടെ ഗർഭിണിയായ ആടിനെയും 3 ആട്ടിൻകുട്ടികളെയും പുലി പിടിച്ചതോടെ കൂടിയാണ് പ്രദേശം പുലിപ്പേടിയിലായത്.  ചാക്കോയുടെ ആടുകളെ കടിച്ചുകൊന്ന് ദിവസങ്ങൾക്കകം മേയാൻവിട്ട വടക്കേക്കര റെജിയുടെ ആടിനെയും പുലി പിടിച്ചു. ഇതേതുടർന്ന് വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിക്കുകയും സമീപത്ത് ആടിനെ കെട്ടുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ കടുവയെ പിടിച്ച കിടുവ എന്നതുപോലെ വനംവകുപ്പ് പുലിയെ പിടിക്കാൻ കെട്ടിയ ആടിനെയും അഞ്ജാത ജീവി ഭക്ഷണമാക്കി. പകുതിതിന്ന നിലയിലാണ് ആടുള്ളത്. ഇന്നലെ ഡിഎഫ്ഒ, റേഞ്ച് ഓഫീസർ അടക്കമുള്ള വൻ സംഘം പ്രദേശത്ത് വലിയ തോതിലുള്ള തിരച്ചിൽ നടത്തിയിരുന്നു. തുടർച്ചയായ മൂന്നാം തവണയും ആടുകൾക്ക് നേരെ ആക്രമണം ഉണ്ടായത് പ്രദേശത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. കുറ്റിക്കാടുകളും പാറക്കൂട്ടങ്ങളും ഉള്ള പ്രദേശത്ത് ഗുഹകൾ അടക്കമുള്ളവ ധാരാളമായുണ്ട്.  പുലിയുടെ കൂടിന് അടുത്ത് കെട്ടിയ ആടിനെ രാവിലെ ആറരയ്ക്ക് തീറ്റാനായി പുറത്തിറങ്ങിയപ്പോഴാണ് അജ്ഞാതജീവി പിടിച്ചതായി നാട്ടുകാർ പറയുന്നത്. പുലിയോ ചെന്നായ കൂട്ടമോ ആണ് ആടിനെ പിടിച്ചതെന്നാണ് നാട്ടുകാരുടെ സംശയം. പുലിയെ വേഗം തന്നെ കണ്ടെത്തി എത്തി ജനങ്ങളുടെ ആശങ്ക അകറ്റണം എന്ന് മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ ജോസുകുട്ടി ആവശ്യപ്പെട്ടു.